Sunday, April 1, 2012

ഹാപ്പി ജേര്‍ണി




ഒരു ഒരു പകലറുതിയില്‍
സൗഹൃദത്തിന്റെ മുടിപ്പിന്‍ വളവിലിരുന്ന്
ഒടുക്കത്തെ തുള്ളിയും
ലഹരിയാക്കി
ഇന്നലെകളിലെ
നഷ്ടങ്ങളോര്‍ത്ത്
പൊട്ടിച്ചിരിച്ചവന്
ഓര്‍മപ്പെടുത്തല്‍പോലെ
കവിളത്ത് ആഞ്ഞൊരടി

അടിച്ചവനും
അടി കൊണ്ടവനും
നിരാശാ കാമുകന്മാരായതു കൊണ്ടാവാം
കുറേനേരം മിണ്ടാതിരുന്ന ശേഷം
ഒന്നും പറയാതെ
അടുത്ത ലഹരിയ്ക്ക് തീ പകരുന്നു

പ്രണയിനി ഒരു വസന്തം
പക്ഷേ പൂക്കുന്നതിനു മുമ്പേ
അടര്‍ന്നു വീഴുന്നതുകൊണ്ട്
അവളുടെ കായ മധുരിക്കുന്നുവോ
എന്നറിയില്ലെന്ന നീണ്ട ചര്‍ച്ച...
അനന്തമായ കാഴ്ച
ഒമ്പതാം വളവിലിരുന്നാല്‍ കാണാം.
ഇത്തിരി ലഹരിയില്‍
നക്ഷത്രങ്ങള്‍ വന്ന്
സലാം പറഞ്ഞ് മാഞ്ഞു പോകുന്നു...

ലവണമില്ലാത്ത കടലിനെപ്പറ്റിയായി
അടുത്ത ചര്‍ച്ച...
ആദ്യം ഉപ്പറിഞ്ഞ പെണ്ണിനെ
സ്വപ്‌നം കണ്ടു കടിച്ച ചുണ്ടുകളില്‍
തണുപ്പു വീഴ്ത്തിയ വിള്ളലുകള്‍
ചോരരുചി തരുന്നു
ഉപ്പില്ലാത്ത ഉപ്പുമാവിനെപ്പറ്റിപോലും
ആലോചിക്കാന്‍ വയ്യെന്നു പറഞ്ഞ്
കടലിന്റെ ചര്‍ച്ച അവസാനിപ്പിക്കുന്നു.

ഇനി കുപ്പികള്‍ തുറക്കാന്‍ 
ബാക്കിയില്ലാത്തതിനാലും
കാമുകന്‍മാര്‍ ചാഞ്ഞുറങ്ങുന്നതിനാലും
ചര്‍ച്ച പാതിയില്‍ നിര്‍ത്തുന്നു.
അല്ലെങ്കിലും ചര്‍ച്ച
കാസയില്‍ വീതംവെയ്ക്കുന്ന വീഞ്ഞിന്റെ ലഹരിയും
ചോര ചുവയ്ക്കുന്ന ഉമ്മകളിലും
നിരാശാ കമ്പളം മൂടിയ കാമുകനിലും
മാത്രമേ ഉത്തരം കണ്ടെത്തൂ എന്ന
മറ്റൊരുത്തരം ഇതാ വാതിലടച്ച്
അകത്തു കയറുന്നു
ഇനി വണ്ടി വിടാം....