ഇന്ന് നന്ദിതയുടെ ചരമവാര്‍ഷികം ആയിരുന്നു. ആരും കാണാതെ ആരും ഓര്‍ക്കാതെ ആ ദിനവും കടന്നു പോയി. യധാര്‍ത്ഥത്തില്‍ ഇങ്ങെ തന്നെയാണ് നന്ദിതയുടെ ഓര്‍മ്മ ദിനം കടന്നു പോകേണ്ടത് കാരണം ആരും കാണാതെ ആരേയും കാണിക്കാതെ തലയിണക്കടിയില്‍ ഒഴിപ്പിച്ചു വെച്ച കവിതയുെട വസന്തമായിരുന്നു നന്ദിതയുടെ ഓരോ വരിയും .നന്ദിത മലയാള സാഹിത്യത്തില്‍ രാജലക്ഷ്മി ടീച്ചര്‍ കഴിഞ്ഞാല്‍ സില്‍വിയാപ്ലാത്തിനോട് ഉപമിക്കാറുള്ള കവയിത്രി. മനോരമയുടെ വാരാന്ത്യ ത്തില്‍ വരാറുള്ള ഒരു ' ശ്രീ 'യില്‍ നന്ദിതയായിരുന്നു മുഖ്യചര്‍ച്ചാ വിഷയം. തുടര്‍ന്ന് നന്ദിതയുടെ മനസ്സു പോലും കവിതയിലൂടെ പഠന വിധേയമായി. അങ്ങിനെ നന്ദിത വീണ്ടും തളിര്‍ത്തു മൊട്ടിട്ടു വിരിഞ്ഞു ചിരിച്ചു. ചങ്ങാത്തത്തെ പ്പറ്റി ഒരു ചൊല്ലുണ്ട്, 'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ' എന്ന്. ചങ്ങാതി ഒരു നല്ല കണ്ണാടിയാണു പോലും. എന്നാല്‍ ഒരു ദിനത്തില്‍ നന്ദിത എഴുതിയത് ഇങ്ങനെയാണ്.
'I throw my mad mirror
Out of the window
Down to the street
I killed it'
എവിടെയൊക്കെയോ തറച്ചുകയറുന്ന വാക്കുകള്‍ പ്രണയവും, സൗഹൃദവും വിരഹവും ഒക്കെ പെയ്യാനാകാതെ നില്‍ക്കുന്ന മഴമേഘം പോലെ കവിതകളില്‍ തിങ്ങി വിങ്ങുന്നു. സ്‌നേഹത്തിനു വേണ്ടിയായിരുന്നു നന്ദിതയുടെ കാത്തിരിപ്പ്. ആ കാത്തിരിപ്പിനൊടുക്കം ഒരു സാരിത്തുമ്പില്‍ യാത്രയാവുകയും ചെയ്ത അസാമാന്യ ഭാവുകത്തോടെ കവിത കുറിച്ച നന്ദിത തനിക്കു മുമ്പില്‍ എന്നും വര്‍ണ്ണതൂവലുമായി നില്‍ക്കുന്ന പ്രണയിനിയോട് പല പ്രഖ്യാപനങ്ങളും നടത്തുന്നു. 1987 ല്‍ എഴുതിയ പേരിടാത്ത കവിത ഇങ്ങനെയാണ്.
'എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച
എന്റെ സ്വപ്നമേ
എന്റെ മുഖത്ത് തറച്ചു നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്
ആഴമേറിയ രണ്ടു ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച്'
ഇത്തരത്തില്‍ നിശബ്ദമായ എന്നാല്‍ ഒരുപാട് സ്വരങ്ങള്‍ ഉള്ളിലൊളിപ്പിച്ച സ്വപ്നലോകത്തെ രാജകുമാരിയായിരുന്നു നന്ദിത. തന്റെ ജന്മദിനം അവളെ അസ്വസ്ഥയാക്കുന്നു. ഏതോ ജന്മദിനത്തില്‍ ഇളം നീലവരകളുള്ള വെളുത്ത കടലാസില്‍ ആരുടെയോ ചിന്തകള്‍ പോറി വരച്ച് ആരോ ഒരാള്‍ ജന്മദിന സമ്മാനം തന്നത് നന്ദിത കുറിക്കുന്നു. അതിലെ വാക്കുകള്‍ അവളെ ഉരുക്കാന്‍ പോന്ന തീയായിരുന്നുവെന്നവള്‍ തിരിച്ചറിയുന്നു. നിലാവുള്ള രാത്രിയും തെളിഞ്ഞ പകലുമുള്ള ആ ദിനത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇന്ന് സൂര്യന്‍ കെട്ടുപോയെന്നും നക്ഷത്രങ്ങള്‍ മങ്ങിപ്പോയെന്നും നന്ദിത പതുക്കെ പറയുന്നു. നഷ്ടപ്പെടലിന്റെ നീറ്റല്‍ പടികടന്നെത്തിയ പിറന്നാളില്‍ കൂട്ടുകാരുടെ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അവ വിളമ്പിയ പാല്‍പായസ ത്തിനുമിടയ്ക്ക് അവള്‍ തിരഞ്ഞത് അന്ന് ആ കുറിപ്പെഴുതിയ തൂലികയ്ക്കു വേണ്ടിയായിരുന്നു. തിരച്ചിലിനൊടുക്കം അഗ്നികെട്ട തൂലിക അവള്‍ കണ്ടെടുക്കുന്നു. വായനയുടെ സ്പര്‍ശനത്തില്‍ കണ്ണുനീരിന്റെ നേര്‍ത്ത ചൂടറിയുന്ന നിമിഷം നന്ദിത മുഖത്തൊരു നേര്‍ത്ത ഉറുമാല്‍ ചുറ്റി സ്വന്തം വേരു തേടി യാത്രയാകുന്നു.
നന്ദിതയുടെ പ്രണയം നന്ദിതയുടെ ദൈവമായിരുന്നുവെന്ന് അവര്‍ തന്നെ പ്രഖ്യാപിക്കുന്നു. പക്ഷേ, നന്ദിത ഒരിക്കലും ദൈവത്തിന്റെ മായിക ലോകത്ത് ഭക്തയായി മാറിയിരുന്നില്ലെന്നും മഴയായ്, മുകിലായ് നീരാവിയായ് തിരിച്ചുപോകാന്‍ പറഞ്ഞുകൊണ്ട് 1991 ല്‍ എഴുതിയ കവിതയില്‍ നന്ദിത ഒരു പിന്‍വാങ്ങല്‍ നടത്തുന്നു.
നന്ദിത മൗനിയായിരുന്നെന്ന് ആരും ഒരിക്കലും പറഞ്ഞിട്ടില്ല. പ്രിയപ്പെട്ട അധ്യാപികയായും, സുഹൃത്തായും, സഹോദരിയായും, മകളായും എന്തിനേറെ നെറികേടിനെതിരെ മുഖം നോക്കാതെ പൊട്ടിത്തെറിക്കുന്ന പെണ്ണായും നന്ദിതയെപ്പറ്റി സുഹൃത്തുക്കള്‍ ഓര്‍മ്മകളില്‍ താലോലിക്കുന്നു. തീര്‍ത്തും തിരിച്ചറിവുള്ള ഒരു പെണ്‍കുട്ടി.
'എന്റെ വൃന്ദാവനം
ഇന്ന്
ഓര്‍മ്മകളില്‍ നിന്നെ തിരയുകയാണ്
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണെന്നോ?
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്.'
നന്ദിത തന്റെ കവിതകളിലൂടെ ആരുമായോ സംവേദനം ചെയ്യുന്നു. തീവ്രമായ പ്രണയവും, ഉള്ളുരുകുന്ന നിരാശയും, വായനയില്‍ തൊട്ടറിയുന്ന മരണത്തിന്റെ ഗന്ധം മൂക്കിലേക്ക് വരുന്നു. നന്ദിതയുടെ മനസ് എന്തായിരുന്നു. അറിയാനുള്ള സൂത്രവാക്യം നിര്‍ദ്ധാരണം ചെയ്യാനാകാതെ നീലവരകളുള്ള താളുകളില്‍ ചോദ്യചിഹ്നങ്ങളായ് ഹൃദയം കൊളുത്തി വലിക്കുന്നു.
യാത്ര എല്ലാവര്‍ക്കും, പ്രിയതരമാണ്. പക്ഷേ, തിരിച്ചുപോക്കും, അറിയാത്ത ലോകത്തേക്കുള്ള യാത്രയും, നിറഞ്ഞു നില്‍ക്കുന്ന നന്ദിതയുടെ കവിതയില്‍ മരണത്തിന്റെ നിഴലുകള്‍. വിതക്കാനിനി മണ്ണും വിത്തും, ബാക്കിയില്ലാത്ത ഒരു ദിവസത്തില്‍ മനസ്സ് നുറുക്കി മത്സ്യങ്ങളെ ഊട്ടി മഴയും, മഴ തോര്‍ന്ന ആകാശത്ത് മഴവില്ലും അവള്‍ സ്വപ്നവും കണ്ടുറങ്ങി. അവള്‍ക്ക് കൂട്ട് ഒഴിഞ്ഞ ചില്ലുകൂടും. ഒഴുകി പറന്ന വെയിലിലലിയുന്ന കണ്ണുകളും മാത്രമായിരുന്നെന്നു പറയുമ്പോള്‍ നഷ്ടപ്പെടലിന്റെ മഹാഗോപുരം നമ്മള്‍ കാണുന്നു. 'ചിടിയാഗര്‍' ലെ ഇരുണ്ട കൂട്ടിലെ സ്വര്‍ണ്ണചിറകുള്ള പക്ഷിയോട് കൂടുവിട്ടു പോകുമ്പോള്‍ പൊന്‍തൂവല്‍ തന്നു പോകാന്‍ പറയുമ്പോള്‍, നന്ദിത എന്തിനോ തീവ്രമായി കൊതിച്ചിരുന്നു എന്നറിയുന്നു. ദാഹിക്കുന്ന ഒരു മനസ്സു നമ്മളറിയുന്നു. ഗംഗാ ജലവും, കണ്ണനേയും, നന്ദിത ആവശ്യപ്പെടുമ്പോള്‍ ഒരു വര്‍ഷത്തിനകം നന്ദിത തന്റെ തീരുമാനത്തിലെത്തുന്നു. കവിത മുഴുവന്‍ മരണത്തിന്റെ നിഴലുകള്‍- 1993 ഡിസംബര്‍ 23-ാം തീയ്യതിയെഴുതിയ കവിത നന്ദിതയുടെ മരണക്കുറിപ്പു പോലെ....
'ചേലതുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി
നനഞ്ഞ കണ്ണുകള്‍
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്‌നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി
പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ചിക്കുന്നു
ഞാന്‍ വീണ്ടും ഒറ്റയാകുന്നു...'
യാത്രാമൊഴി ചോദിക്കാതെ പ്രണയിക്കാന്‍ കൊതിച്ച് പ്രണയം കൊടുത്തും കടം വാങ്ങിയും ഇനിയും ഇനിയും എന്ന് ചോദിച്ച വാങ്ങിയും നന്ദിത യാത്ര പോയിരിക്കുന്നു. നിലവരകളുള്ള വെളുത്ത താളുകളില്‍ നിന്ന് കാത്തിരിപ്പിന്റെ വൃന്ദാവനത്തില്‍ നിന്ന് ഇന്നേക്ക് 13 വര്‍ഷം മുമ്പ് കാത്തിരുന്ന ടെലിഫോണ്‍മണിയുടെ താളത്തിനൊപ്പം ഊഞ്ഞായാടിക്കൊണ്ട് നന്ദിത യാത്ര പോയിരിക്കുന്നു, അറിയാതെ പറയാതെഒരുഓര്‍മ്മദിനവും പോയിരിക്കുന്നു