Thursday, December 8, 2011

അറിയാത്തത്‌

ഞാനെഴുതുന്ന ഭാഷ
ഒരാള്‍ മാത്രമാണ് വായിക്കുന്നത്
ഞാന്‍ ചൊല്ലുന്ന കവിത
ഒരാള്‍ മാത്രമാണ് കേള്‍ക്കുന്നത്
ഞാന്‍ കത്തിയമരുന്നതും
ഞാന്‍ ഉരുകി ഒലിക്കുന്നതും
ഒരാള്‍ക്ക് മാത്രമേ അറിയുന്നുള്ളൂ
എന്നിട്ടും ഞാന്‍ കാണാതെ പോകുന്നത്
ആ ഒരാള്‍ ആരാണെന്നതാണ്...!!!

Monday, December 5, 2011

ബെന്നി

ബെന്നി
ഒരു സംഭവമാണ്
ഇടയ്ക്ക്
ഭാവപ്രകടനത്തോടെയുള്ള
സംഭാഷണം
ഞങ്ങള്‍ എല്ലാവരും
ഓര്‍ത്തു ചിരിക്കാറുണ്ട്...

ബെന്നി
ഏട്ടനാവേണ്ടിടത്ത്
വലിയേട്ടനും
സുഹൃത്താകേണ്ടിടത്ത്
ഉറ്റ സുഹൃത്തുമാകും...

ബെന്നിയുടെ മുറിയില്‍ ചെന്ന്
ബിയര്‍ നുരക്കൊപ്പം
'സ്വപ്‌നങ്ങള്‍ എങ്ങെന്റെ
സ്വര്‍ഗ്ഗങ്ങള്‍ എങ്ങവകള്‍...'
എന്നു നീട്ടിപാടാന്‍
ഒരുപാടിഷ്ടമുണ്ട്...

ബെന്നി കറുത്തിട്ടാണ്
പക്ഷെ വെളുക്കെ ചിരിക്കുന്ന ബെന്നി
എന്നും ഒരു പ്രചോദനമാണ്...

ബെന്നി നീട്ടി വലിക്കുകയും
കവിത പാടുകയും ചെയ്ത്
പ്രണയത്തിലേക്ക് ഇറങ്ങി പോകാറുണ്ട്

ബെന്നി ബെന്നി എന്നു പറഞ്ഞ്
ഞങ്ങളൊക്കെ കൂട്ടു കൂടാന്‍
ഓടി വരാറുണ്ട്

ബെന്നി ഒരു കേന്ദ്രമാണ്
ഞങ്ങളുടെ തീരമാണ്
ആരുടേയും അടുത്ത് നിന്നും കിട്ടാത്ത
ഒരു താങ്ങാണ്

ബെന്നി ചിരിക്കുന്നു
വെളുക്കെ ചിരിക്കുന്നു
കൂടെ ഞങ്ങളും....

Friday, December 2, 2011

ആദ്യപ്രണയം

വിപ്ലവം മൂത്ത് നടന്ന കാലത്ത്
തലക്കകത്തേക്ക് 
വല്ലതും കയറാന്‍
പാഠപുസ്തകം വായിച്ചു കൊണ്ട്
അടുത്തിരുന്ന ഒരുത്തി...
അവള്‍ പോയതിനു ശേഷം
നല്ല ചോറും കറിയും 
പരീക്ഷയിലെ പാട്ടും പാടി
കൊതിപ്പിച്ച വേറൊരുത്തി...
ബോധനശാസ്ത്രത്തിന്റെ
തന്ത്രങ്ങള്‍ പയറ്റുമ്പോള്‍
ചാര്‍ട്ടുകളില്‍ മാര്‍ജിന്‍ വരച്ച്
എന്നെ സഹായിച്ച മറ്റൊരുത്തി...
പ്രണയിക്കാനാവില്ലെന്നു പറഞ്ഞ്
പറിഞ്ഞു പോരുമ്പോഴും 
ചേര്‍ത്തു പിടിച്ച് പ്രണയിക്കുന്ന
മറ്റൊരുതരക്കാരി...
ഓരോരുത്തിമാര്‍ 
ഋതുക്കള്‍ പോലെ 
പൂക്കുകയും കൊഴിയുകയും 
ചെയ്യുമ്പോഴും
എന്റെ യാത്ര 
മെഗല്ലന്റെ കപ്പല്‍യാത്ര പോലെ 
തുടങ്ങിയിടത്ത് എത്തുന്നു
ആദ്യപ്രണയം
മറുപക്ഷമില്ലാത്ത
രാഷ്ട്രീയപാര്‍ട്ടി പോലെ 
ധ്വംസിച്ചു കൊണ്ടിരിക്കുന്നു....