Tuesday, January 17, 2012

അടിഞ്ഞു പോയ എന്റെ മഴയ്ക്ക്...


മ്മുടെ ഇന്നലേകളില്‍  കൊഴിഞ്ഞു വീണ മഞ്ചാടി മണികള്‍ കാണിച്ച് അന്നൊരിക്കല്‍ നീ പറഞ്ഞു. 
ഇത് നമ്മുടെ പ്രണയം തട്ടി ചുകന്നതാണെന്ന് .... നമ്മള്‍ കൈകോര്‍ത്ത് തോള്‍ ചാരി നടന്നതെത്ര സായന്തനങ്ങള്‍. ഓരോ സായന്തനത്തിലും നീ പങ്കു വെച്ചതെത്രയെത്ര സ്വപ്നങ്ങള്‍... 
ഓര്‍ക്കുന്നുവോ നീ അന്നൊരു നാള്‍ കടല്‍ക്കരയില്‍ ഇരിക്കുമ്പോള്‍ ചക്രവാളത്തില്‍ ഇണയെ തേടി കരയുന്ന ചകോരത്തിനായി കണ്ണുകള്‍ ഈറനണിയിച്ചത്..... 
ഒന്നും മറക്കാനാവില്ലല്ലോ എന്ന ദീര്‍ഘ നിശ്വാസം...
ഞാനും നീയും നമ്മളായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.
    നിന്റെ കണ്ണുകളില്‍ അന്നു ഞാന്‍ കണ്ട ആ നീലകടല്‍ ഇപ്പോഴും അലയടിക്കുന്നുവോ? 
നിന്റെ സ്വപ്നങ്ങളില്‍ ഇപ്പോഴും കുന്നിമണി ചെപ്പ് വീണു ചിതറാറുണ്ടോ? ഞാന്‍ മനസിലാക്കുന്നു... നിന്റെ അസാന്നിധ്യം എന്റെ ഹ്യദയത്തില്‍ ഒരു പാട് തൊട്ടാവാടി മുള്ളുകള്‍ ആഴ്ത്തുന്നു.
    നിന്റെ സ്പര്‍ശനത്തില്‍ എന്റെ തന്ത്രികള്‍ പാടുന്ന പാട്ടുകള്‍ മഴ പെയ്യിക്കുമായിരുന്നു
ആ മഴയില്‍ പൂത്തു നിന്ന തെച്ചി പൂക്കളില്‍ ഒരായിരം സൂര്യന്മാര്‍...
    അന്നൊരിക്കല്‍ ആ കല്‍പടവുകളില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്റെ ചന്ദ്രനാണെന്ന് പറഞ്ഞത് നീ ഓര്‍ക്കുന്നുവോ? എന്റെ  -നിലാവെ-... നിന്റെ നനുത്ത കവിളുകളില്‍ കൈവച്ചു കൊണ്ടുള്ള ഒരു സ്വപ്നാടനം... അതു ഞാന്‍ ഇന്നും സ്വപ്നം കാണാറുണ്ട്.
    പ്രിയപ്പെട്ടവളെ, നിനക്കും എനിക്കും ഇടയില്‍ എത്ര ദൂരമുണ്ടെങ്കിലും നമ്മള്‍ ഒരു മിച്ചിരിക്കുന്നതായും സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതായും എനിക്കു തോന്നാറുണ്ട്. അന്ന്,
ആ കോറിഡോറില്‍ വെച്ച് നിന്നെ ആദ്യമായി കണ്ടത് കറുപ്പില്‍ വയലറ്റു പൂക്കളുള്ള ചുരിദാറില്‍ 
നീ അതീവ സുന്ദരിയായിരുന്നു.
പിന്നെ കണ്ടും ചിരിച്ചും അറിഞ്ഞും എത്ര നാളുകള്‍...
    ഒരു ഒക്‌ടോബറിന്റെ മുറ്റത്ത് മഴ വിതുമ്പി നില്‍ക്കുന്ന ഒരു വൈകുന്നേരമാണ് നീയെനിക്ക് ഷെല്‍വിയുടെ കവിതകള്‍  വായിക്കാന്‍ തന്നത്. അതില്‍ നീ അടിവരയിട്ട വാക്കുകള്‍ .....
   
'മഴ, എന്റെ പേരെഴുതിയില്ല
    മഴ, എന്റെ പേര് മായ്ച്ചതുമില്ല
    പകലിരവുകളായ് നാം പങ്കുവയ്ക്കപ്പെട്ട നിമിഷം
    ഒരു പേരും ഉച്ചരിക്കാതെ
    മഴയില്‍ എന്തോ മറന്നു പോയവരായ് നാം....'

   
നദാഷാ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... വയല്‍വരമ്പുകളില്‍ ഈറന്‍പുല്‍ തണ്ടു നോക്കി നടക്കുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു .... നീ തന്നു പോയ സുന്ദരമായ സ്വപ്നങ്ങളും, നിമിഷങ്ങളും ഓര്‍ക്കുന്നു... നിന്റെ  ഓര്‍മ്മകളിലാണ് ഞാന്‍. ഇന്നും ഉണരുന്നതും ഉറങ്ങുന്നതും ..... നീന്നെയറിഞ്ഞയന്നു മുതല്‍ ഇന്നു വരെയുള്ള യാത്ര.   അത് തുടങ്ങിയിടത്തുതന്നെ എത്തിനില്‍ക്കുന്നു... നിന്റെ വേര്‍പിരിയലിന്റെ നനുത്ത നീറ്റല്‍ ഇന്നും അറിയുന്നു... തിരിഞ്ഞുനടക്കുമ്പോള്‍ കണ്ണുകളില്‍ ഈറനണിഞ്ഞിരുന്നു... തിരിച്ചറിഞ്ഞിരുന്നു - വേര്‍പാട് നോവല്ല വേരറ്റൊടുങ്ങലാണ് എന്നത്...
                                               
                                                                                                              ...സ്‌നേഹപൂര്‍വ്വം
                                                                                                                                        ഞാന്‍...



3 comments:

  1. മഴ മന്ത്രിക്കുന്നു രോഹീ..

    ReplyDelete
  2. പാതിര വിഴുന്ന ഒരു പനിനീര് പുഷ്പം നീ ആയിരുന്നു എന്ന്
    ഞാൻ ആശിച്ചു പൊയീ .
    നീന്റെ മിഴികളിൽ ഞാൻ കണ്ട അത്ഭുദം അത് നിയ്ക്ക് എന്നോട് ഉണ്ടായിരുന്ന പ്രണയം ആയിരുന്നു എന്ന് ഞാൻ അറിയുന്നു.
    ഒരിക്കലും അടര്ന്നു വീഴാത്ത ഒരു പനിനീര് പുഷ്പം ആയി നീ മാറും നേരം എന്റെ മനസിൽ ഒരു കുളിര് മഴയായി നീ മാറുന്നു.
    എവിടയാണ് നീ ...നിന് സ്വരം കേള്ക്കാൻ എൻ ഹൃദയം തുടിക്കുന്നു .
    നിന് കാലൊച്ച കേള്ക്കാത്ത ഇടവഴികളിൽ ഞാൻ കതോര്തിരുന്നു നിന് കാലൊച്ച കേള്ക്കാൻ .
    നീ എന്റെ അരുകിൽ വന്നിരുന്നെങ്കിൽ ............

    ReplyDelete