Sunday, July 31, 2011

15-7-11

നിശബ്ദനാണു ഞാന്‍ ഇപ്പോള്‍
എനിക്കു ചുറ്റും കറങ്ങുന്ന
പല്‍ചക്രങ്ങളുടെ സംഗീതം
കേള്‍ക്കുന്നതോടൊപ്പം
അതില്‍ കൈ കുരുങ്ങാതെ
ഇരിക്കാനും ശ്രദ്ധിക്കണം
ചക്രങ്ങള്‍ കറങ്ങി കൊണ്ടിരിക്കുന്നു
നിശബ്ദത സിന്തറ്റിക്ക് ട്രാക്കു പോലെ
നിവര്‍ന്നു കിടക്കുമ്പോളും
ഓടി മുഴുമിക്കാന്‍ എനിക്കാവുന്നില്ല
സതീര്‍ത്ഥ്യന്‍
തോളില്‍ തട്ടി മുന്നോട്ട് മുന്നോട്ട്
എന്ന് പറയുന്നു
മഴ പെയ്‌തൊഴിയുകയും
മരംപെയ്യുകയും ചെയ്തു
ഇപ്പോള്‍ ജനല്‍ ചില്ലില്‍
ചെറിയൊരു ചാറ്റല്‍ മഴയുടെ
ചറ പറ ശബ്ദം...
ഞാന്‍ ഒരു തിരിച്ചു വരവിന്
തയ്യാറെടുക്കുകയാണ്
വാക്കുകളില്‍ നിന്നും
വാക്കുകളിലേക്കും
വരികളില്‍ നിന്നും വരികളിലേക്കും
ഒരു ട്രിപ്പീസുകളിക്കാരനെ പോലെ....

No comments:

Post a Comment